സാൻഫ്രാൻസിസ്കോ: ആഗോള സാങ്കേതിവിദ്യാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിനു (ഡബ്ല്യുഡബ്ല്യുഡിസി) മുന്നോടിയായി, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്.
ഐഒഎസ് 27, ആപ്പിൾ ഇന്റലിജൻസ് തുടങ്ങിയ വിപ്ലവകരമായ സവിശേഷതകളോടെ വിപണിയിലെത്തുന്ന പുതിയ ഫോണിന്റെ പ്രാരംഭവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഉപയോക്താക്കൾക്ക് വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിർമാണച്ചെലവിലുണ്ടായ വൻ വർധനയാണ് ആപ്പിളിനെ പുതിയൊരു തന്ത്രത്തിലേക്ക് നയിക്കുന്നത്.
ആഗോളവിപണിയിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ ദൗർലഭ്യവും കടുത്ത മത്സരവും കാരണം സ്മാർട്ട്ഫോൺ സ്പെയർ പാർട്ടുകളുടെ വില കുതിച്ചുയരുകയാണ്. എന്നാൽ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനായി ഐഫോൺ 18 പ്രോയുടെ പ്രാരംഭവില നിലവിലെ ഐഫോൺ 17 പ്രോയുടെ അതേ നിരക്കായ 1,04,300 രൂപയിൽ തന്നെ നിലനിർത്താൻ ആപ്പിൾ തയാറായേക്കും. തുടക്കത്തിൽ ലാഭവിഹിതം കുറച്ച് നിർമാണച്ചെലവ് കന്പനി സ്വയം ഏറ്റെടുക്കുമെങ്കിലും പിന്നീട് വരിസംഖ്യകളിലൂടെ ഇത് ഉപയോക്താക്കളിൽനിന്ന് ഈടാക്കാനാണ് നീക്കം.
ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗമാണ് ഉപയോക്താക്കളുടെ പോക്കറ്റ് ചോർത്തുക. ഫോണിൽ നേരിട്ടു പ്രവർത്തിക്കുന്ന എഐ ഫീച്ചറുകൾക്കു പുറമേ, കൂടുതൽ സങ്കീർണമായ പ്രക്രിയകൾക്കായി ആപ്പിളിന്റെ ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട്’ സെർവറുകളെ ആശ്രയിക്കേണ്ടിവരും.
ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ സെർവറുകളുടെ നടത്തിപ്പ് ചെലവ് കോടിക്കണക്കിനു രൂപയാണ്. തുടക്കത്തിൽ ഈ ഭീമമായ തുക കന്പനി തന്നെ വഹിക്കുമെങ്കിലും, ഫോണിന്റെ ആയുസ് തീരുന്നതിനിടയിൽ വിവിധ സേവനങ്ങളിലൂടെ ഈ തുക തിരിച്ചുപിടിക്കാൻ കന്പനി നിർബന്ധിതരാകും.
ഫോൺ വാങ്ങിയ ശേഷം സോഫ്റ്റ്വേർ ഫീച്ചറുകൾക്കായി വീണ്ടും പണം നൽകേണ്ടിവരുന്നത് ഉപയോക്താക്കൾക്കിടയിൽ വൻ പ്രതിഷേധങ്ങൾക്കു കാരണമാകുമെന്നതിനാൽ വളരെ തന്ത്രപരമായ നീക്കമാണ് ആപ്പിൾ നടത്തുന്നത്.
നിലവിലുള്ള ആപ്പിൾ വൺ വരിസംഖ്യാ പദ്ധതിയിൽ ആപ്പിൾ ഇന്റലിജൻസ് സേവനങ്ങളെക്കൂടി ഉൾപ്പെടുത്താനാണ് സാധ്യത. നിലവിൽ ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി, ഐക്ലൗഡ് സ്റ്റോറേജ് എന്നിവ നൽകുന്ന ഈ പാക്കേജിലേക്ക് എഐ കൂടി എത്തുന്നതോടെ മാസവരിസംഖ്യയിൽ വലിയ വർധനയുണ്ടാകും. തുടക്കത്തിൽ സൗജന്യ ട്രയൽ കാലാവധി അനുവദിച്ച് ഉപയോക്താക്കളെ ശീലിപ്പിച്ച ശേഷമാകും മാസവരിസംഖ്യ ഈടാക്കുക. പ്രീമിയം എഐ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ഉപയോക്താക്കൾ പ്രതിമാസം ഏകദേശം 1400 രൂപയോളം അധികം നൽകേണ്ടി വന്നേക്കാം.
ഗൂഗിൾ, സാംസംഗ് തുടങ്ങിയ എതിരാളികൾ തങ്ങളുടെ എഐ സേവനങ്ങൾക്ക് ദീർഘകാല സൗജന്യ ട്രയലുകൾ പ്രഖ്യാപിച്ച് വിപണി വിഹിതം ഉയർത്താൻ ശ്രമിക്കുന്നതിനാൽ ആപ്പിളിന് തുടക്കത്തിൽതന്നെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. മുൻകാലങ്ങളിൽ ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകി പിന്നീട് പെയ്ഡ് പ്ലാനുകളിലേക്ക് ഉപയോക്താക്കളെ മാറ്റിയതിനു സമാനമായൊരു തന്ത്രമാണ് ഇവിടെയും നടപ്പാക്കുന്നത്.
ചുരുക്കത്തിൽ, ആപ്പിൾ സ്റ്റോറിൽനിന്ന് ഫോൺ വാങ്ങുന്പോൾ വിലക്കൂടുതൽ അനുഭവപ്പെട്ടില്ലെങ്കിലും, വരും വർഷങ്ങളിൽ വരിസംഖ്യകളുടെ രൂപത്തിൽ ഉപയോക്താക്കളുടെ കൈയിൽനിന്നു വലിയൊരു തുക ചോരുമെന്ന് ഉറപ്പ്.